
കൊൽക്കത്ത: ആർ.ജി.കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി സഞ്ജയ് റോയി കുറ്റക്കാരനെന്ന് കോടതി. പ്രതിക്കുള്ള ശിക്ഷ തിങ്കളാഴ്ച്ച വിധിക്കുമെന്നും കൊൽക്കത്തയിലെ സിയാൽദാ അഡീഷണൽ ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജഡ്ജി അനിർബാൻ ദാസ് വ്യക്തമാക്കി. അതേസമയം, കുറ്റക്കാരനല്ല താനെന്നും യഥാർത്ഥ പ്രതിയെ കണ്ടെത്തണമെന്നും സഞ്ജയ് റോയ് കോടതിയിൽ ആവർത്തിച്ചു.
കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ആർജികർ മെഡിക്കൽ കോളേജിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രെയിനി ഡോക്ടർ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനായിരുന്നു സഞ്ജയ് റോയി. കൊലപാതകം നടന്ന് അഞ്ചു മാസത്തിനു ശേഷമാണ് വിധി പറയുന്നത്. കേസിൽ സുപ്രീംകോടതിയും ഹൈക്കോടതിയും നിർണായക ഇടപെടൽ നടത്തിയിരുന്നു.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 9നാണ് ആശുപത്രിയിലെ സെമിനാർ ഹാളിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ഇതിനെത്തുടർന്ന് ബംഗാളിൽ തുടങ്ങിയ പ്രക്ഷോഭം രാജ്യമാകെ വ്യാപിച്ചിരുന്നു. ബംഗാളിൽ ഡോക്ടർമാർ ജോലി ബഹിഷ്കരിച്ച് സമരം നടത്തിയിരുന്നു. അതേസമയം, മുൻ കൊൽക്കത്ത പൊലീസ് കമ്മിഷണർ വിനീത് ഗോയൽ ഉൾപ്പെടെയുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നെന്ന് പ്രതി സഞ്ജയ് റോയി ആരോപിച്ചിരുന്നു. ഇതിൽ മുഖ്യമന്ത്രി മമതാ ബാനർജിയോട് ഗവർണർ ഡോ. സി.വി.ആനന്ദ ബോസ് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.











